സൂര്യഗ്രഹണം കാണാന്‍ മറക്കരുതേ...
ഈ വര്‍ഷം അന്താരാഷ്ട്രജ്യോതിശാസ്ത്രവര്‍ഷമായി ലോകമെങ്ങും ആചരിക്കുകയാണ്. നിരവധി പരിപാടികളാണ് ലോകമെങ്ങും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ചില ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും അരങ്ങേറുന്നു. അതിലൊന്നാണ് സൂര്യഗ്രഹണങ്ങള്‍. ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രഹണം റിപ്പബ്ലിക്ക് ദിനത്തിന്റെ അന്നാണ് . 2009 ജനുവരി 26 ന് 2.22pm മുതല്‍ 3.55pm വരെയാണ് ഭാഗികമായ ഈ ഗ്രഹണം. കേരളത്തില്‍ ഗ്രഹണം വലിയകാര്യമായി അനുഭവപ്പെടില്ല. ഏതാണ്ട് പത്തുശതമാനം മാത്രമാണ് മറയുന്നത്. എങ്ങിലും ആ കാഴ്ചയും ശാസ്ത്രകുതുകികള്‍ക്ക് കൌതുകക്കാഴ്ചയാണ്. അവധി ദിവസമാണ് എന്നത് സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കുന്നുണ്ട്.
(സ്റ്റെല്ലേറിയത്തില്‍ തയ്യാറാക്കിയ അന്നത്തെ ഗ്രഹണദൃശ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു)
നേരിട്ട് സൂര്യനെ നോക്കുന്നത് എപ്പോഴും അപകടമാണ്. ഗ്രഹണസമയത്ത് നോക്കുന്നതു കൊണ്ട് അപകടം അല്പം കുറയും എന്നു മാത്രം. (ഗ്രഹണ സമയത്ത് സൂര്യന്‍ മറയ്കപ്പെടുകയാണ്. അതിനാല്‍ ബാക്കി പ്രകാശമേ കണ്ണിലെത്തു). ശരിയായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നതാണ് അഭികാമ്യം. സൂര്യഗ്രഹണം എന്നത് ഒരു അപൂര്‍വ്വകാഴ്ചയാണ്. അത് കാണാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. ടെലിസ്കോപ്പുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് യാതൊരു കാരണവശാലും സൂര്യനെ നോക്കരുത്.
നല്ല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ അതുപയോഗിച്ച് ഗ്രഹണം കാണാവുന്നതാണ്. പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി. ഇനി സൂര്യഗ്രഹണം കണ്ടു കൊള്ളൂ.. ഫ്ലോപ്പി ഫിലിം പോറലുകള്‍ വീണിട്ടുള്ളത് ആയിരിക്കാന്‍ പാടില്ല. അവശ്യമെങ്കില്‍ രണ്ടു ഫിലിം കൂട്ടിച്ചേര്‍ത്ത് കട്ടി കൂട്ടാവുന്നതാണ്. തെളിഞ്ഞു കിടക്കുന്ന നൂറു വാട്ട് ബള്‍ബിന്റെ ഫിലമെന്റ് മാത്രമേ ഇത്തരം ഫില്‍ട്ടറുകളില്‍ കൂടി നോക്കിയാല്‍ കാണുവാന്‍ പാടുള്ളൂ. കടയില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന സില്‍വര്‍ നിറത്തിലുള്ള പേപ്പര്‍ (തോരണങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്) പല മടക്കായി മടക്കിയും ഫില്‍ട്ടര്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു പാളി ഈ പേപ്പര്‍ കണ്ണില്‍ മറച്ച് ഒരു നൂറ് വാട്ട് ബള്‍ബിലേക്ക് നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. കണ്ണടയുടെ ഫില്‍ട്ടര്‍ ആയി ഇത് ഉപയോഗിക്കാം. ഇതിലൂടെ സൂര്യനെ സുരക്ഷിതമായി നോക്കാവുന്നതാണ്. ഇങ്ങിനെയുണ്ടാക്കുന്ന ഫില്‍റ്ററുകള്‍ സൂക്ഷിച്ചു വച്ചേക്കൂ. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുങ്ങുന്നുണ്ട്.