ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Wednesday, February 18, 2009

അവ്വപുരുഷന്‍ (ബൂട്ടിസ്) ഒന്നു പരിചയപ്പെട്ടു കളയാം


അവ്വപുരുഷന്‍ (ബൂട്ടിസ്)


തുലാം നക്ഷത്രഗണത്തിനും കന്നി നക്ഷത്രഗണത്തിനും വടക്കുമാറി കാണപ്പെടുന്ന ഒരു ഗണമാണ് അവ്വപുരുഷന്‍ അഥവാ ബൂട്ടിസ്. ഇതിലെ arcturus (α-bootes) എന്ന നക്ഷത്രമാണ് ചോതി. തുലാം ഗണത്തിലാണ് ഈ നക്ഷത്രം ഉള്‍പ്പെട്ടിരിക്കുന്നത്. 36.71 പ്രകാശവര്‍ഷം അകലെയുള്ള ഈ നക്ഷത്രം വളരെ തിളക്കമുള്ള നക്ഷത്രങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഒന്നാണ്. വളരെ എളുപ്പം കണ്ണില്‍ പെടുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 0.15 ആണ്. കേവല കാന്തിമാനമാകട്ടെ -0.11 ഉം.വടക്കേ അറ്റത്ത് കാണപ്പെടുന്ന നെക്കാര്‍ (Nekkar) എന്ന നക്ഷത്രമാണ് ബീറ്റ നക്ഷത്രം. 3.45 കാന്തിമാനമുള്ള ഈ നക്ഷത്രം 218.75 പ്രകാശവര്‍ഷം അകലെയാണ്. സെഗിനസ് എന്ന ഗാമ നക്ഷത്രം 85 പ്രകാശവര്‍ഷം അകലെ 3 കാന്തിമാനത്തോടെയുള്ള നക്ഷത്രമാണ്. ഇസ്സാര്‍ എന്ന ε നക്ഷത്രത്തിന്റെ കേവലകാന്തിമാനം -1.54 വരുമെങ്കിലും 210 പ്രകാശവര്‍ഷത്തോളം അകലെയായതിനാല്‍ ദൃശ്യകാന്തിമാനം 2.5 മാത്രമേ വരൂ. മഫ്റിഡ് (muphrid) എന്ന നക്ഷത്രം ബൂട്ടിസിന്റെ തെക്കേ അറ്റത്താണ്. 2.65 ദൃശ്യകാന്തിമാനമുള്ള ഈ നക്ഷത്രം 37 പ്രകാശവര്‍ഷം അകലെയാണ്.

Tuesday, February 17, 2009

തുലാം നക്ഷത്രഗണം


തുലാം നക്ഷത്രഗണം


തുലാസിന്റെ ആകൃതിയുള്ള നക്ഷത്രഗണമാണിത്. ആല്‍ഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് വിശാഖം എന്നു പറയാറുണ്ട്. ചിലര്‍ ആള്‍ഫ നക്ഷത്രത്തെ മാത്രമായും വിശാഖമായി പരിഗണിക്കാറുണ്ട്. നക്ഷത്രപ്പാന തുടങ്ങിയ പഴയ കൃതികളില്‍ പറയുന്ന വിശാഖം എന്നാല്‍ ഇതില്‍ നിന്നും വളരെ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ആല്‍ഫ നക്ഷത്രം ശരിക്കും ഒരു ഇരട്ട നക്ഷത്രമാണ്. 2.75 കാന്തിമാനം ഉള്ള zubenelgenubi എന്ന താരവും 5.5 കാന്തിമാനം ഉള്ള ഒരു മങ്ങിയ നക്ഷത്രവും കൂടിച്ചേര്‍ന്നതാണിത്. ഏതാണ്ട് 77 പ്രകാശവര്‍ഷം അകലെയാണ് ഈ താരകങ്ങള്‍. നല്ല ശക്തിയേറിയ ടെലിസ്കോപ്പിലൂടെ ഇത് വേര്‍തിരിച്ച് കാണാവുന്നതാണ്. ബീറ്റ നക്ഷത്രമായ zubeneschamali 2.6 കാന്തിമാനം ഉള്ള നക്ഷത്രമാണ്.കാന്തിമാനം അനുസരിച്ച് നോക്കിയാല്‍ ആല്‍ഫ ആകേണ്ടിയിരുന്നത് ഈ നക്ഷത്രമായിരുന്നു. ചില നക്ഷത്രമാപ്പുകളില്‍ അങ്ങിനെ കാണാറുണ്ട്. ഒരു നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭ കൂടിയ നക്ഷത്രത്തെയാണ് ആല്‍ഫ എന്നു വിളിക്കാറ്. 160 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്താണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. 3.9 കാന്തിമാനം ഉള്ള ഗാമ നക്ഷത്രം 3.9 പ്രകാശവര്‍ഷവും 3.25 കാന്തിമാനം ഉള്ള സിഗ്മ നക്ഷത്രം 292 പ്രകാശവര്‍ഷവും അകലെയാണ്. ബൂട്ടിസ് എന്ന ഗണത്തിലെ ഏറ്റവും തിളക്കമുള്ള ചോതി നക്ഷത്രം തുലാം രാശിയുടെ ഭാഗമാണ്.

Thursday, January 15, 2009

സൂര്യഗ്രഹണം വരുന്നൂ റിപ്പബ്ലിക്ക് ദിനത്തിന്


സൂര്യഗ്രഹണം കാണാന്‍ മറക്കരുതേ...

ഈ വര്‍ഷം അന്താരാഷ്ട്രജ്യോതിശാസ്ത്രവര്‍ഷമായി ലോകമെങ്ങും ആചരിക്കുകയാണ്. നിരവധി പരിപാടികളാണ് ലോകമെങ്ങും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ചില ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും അരങ്ങേറുന്നു. അതിലൊന്നാണ് സൂര്യഗ്രഹണങ്ങള്‍. ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രഹണം റിപ്പബ്ലിക്ക് ദിനത്തിന്റെ അന്നാണ് . 2009 ജനുവരി 26 ന് 2.22pm മുതല്‍ 3.55pm വരെയാണ് ഭാഗികമായ ഈ ഗ്രഹണം. കേരളത്തില്‍ ഗ്രഹണം വലിയകാര്യമായി അനുഭവപ്പെടില്ല. ഏതാണ്ട് പത്തുശതമാനം മാത്രമാണ് മറയുന്നത്. എങ്ങിലും ആ കാഴ്ചയും ശാസ്ത്രകുതുകികള്‍ക്ക് കൌതുകക്കാഴ്ചയാണ്. അവധി ദിവസമാണ് എന്നത് സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കുന്നുണ്ട്.

(സ്റ്റെല്ലേറിയത്തില്‍ തയ്യാറാക്കിയ അന്നത്തെ ഗ്രഹണദൃശ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു)നേരിട്ട് സൂര്യനെ നോക്കുന്നത് എപ്പോഴും അപകടമാണ്. ഗ്രഹണസമയത്ത് നോക്കുന്നതു കൊണ്ട് അപകടം അല്പം കുറയും എന്നു മാത്രം. (ഗ്രഹണ സമയത്ത് സൂര്യന്‍ മറയ്കപ്പെടുകയാണ്. അതിനാല്‍ ബാക്കി പ്രകാശമേ കണ്ണിലെത്തു). ശരിയായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നതാണ് അഭികാമ്യം. സൂര്യഗ്രഹണം എന്നത് ഒരു അപൂര്‍വ്വകാഴ്ചയാണ്. അത് കാണാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. ടെലിസ്കോപ്പുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് യാതൊരു കാരണവശാലും സൂര്യനെ നോക്കരുത്.
നല്ല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ അതുപയോഗിച്ച് ഗ്രഹണം കാണാവുന്നതാണ്. പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി. ഇനി സൂര്യഗ്രഹണം കണ്ടു കൊള്ളൂ.. ഫ്ലോപ്പി ഫിലിം പോറലുകള്‍ വീണിട്ടുള്ളത് ആയിരിക്കാന്‍ പാടില്ല. അവശ്യമെങ്കില്‍ രണ്ടു ഫിലിം കൂട്ടിച്ചേര്‍ത്ത് കട്ടി കൂട്ടാവുന്നതാണ്. തെളിഞ്ഞു കിടക്കുന്ന നൂറു വാട്ട് ബള്‍ബിന്റെ ഫിലമെന്റ് മാത്രമേ ഇത്തരം ഫില്‍ട്ടറുകളില്‍ കൂടി നോക്കിയാല്‍ കാണുവാന്‍ പാടുള്ളൂ. കടയില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന സില്‍വര്‍ നിറത്തിലുള്ള പേപ്പര്‍ (തോരണങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്) പല മടക്കായി മടക്കിയും ഫില്‍ട്ടര്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു പാളി ഈ പേപ്പര്‍ കണ്ണില്‍ മറച്ച് ഒരു നൂറ് വാട്ട് ബള്‍ബിലേക്ക് നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. കണ്ണടയുടെ ഫില്‍ട്ടര്‍ ആയി ഇത് ഉപയോഗിക്കാം. ഇതിലൂടെ സൂര്യനെ സുരക്ഷിതമായി നോക്കാവുന്നതാണ്. ഇങ്ങിനെയുണ്ടാക്കുന്ന ഫില്‍റ്ററുകള്‍ സൂക്ഷിച്ചു വച്ചേക്കൂ. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുങ്ങുന്നുണ്ട്.