ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Thursday, January 15, 2009

സൂര്യഗ്രഹണം വരുന്നൂ റിപ്പബ്ലിക്ക് ദിനത്തിന്


സൂര്യഗ്രഹണം കാണാന്‍ മറക്കരുതേ...

ഈ വര്‍ഷം അന്താരാഷ്ട്രജ്യോതിശാസ്ത്രവര്‍ഷമായി ലോകമെങ്ങും ആചരിക്കുകയാണ്. നിരവധി പരിപാടികളാണ് ലോകമെങ്ങും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ചില ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും അരങ്ങേറുന്നു. അതിലൊന്നാണ് സൂര്യഗ്രഹണങ്ങള്‍. ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രഹണം റിപ്പബ്ലിക്ക് ദിനത്തിന്റെ അന്നാണ് . 2009 ജനുവരി 26 ന് 2.22pm മുതല്‍ 3.55pm വരെയാണ് ഭാഗികമായ ഈ ഗ്രഹണം. കേരളത്തില്‍ ഗ്രഹണം വലിയകാര്യമായി അനുഭവപ്പെടില്ല. ഏതാണ്ട് പത്തുശതമാനം മാത്രമാണ് മറയുന്നത്. എങ്ങിലും ആ കാഴ്ചയും ശാസ്ത്രകുതുകികള്‍ക്ക് കൌതുകക്കാഴ്ചയാണ്. അവധി ദിവസമാണ് എന്നത് സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കുന്നുണ്ട്.

(സ്റ്റെല്ലേറിയത്തില്‍ തയ്യാറാക്കിയ അന്നത്തെ ഗ്രഹണദൃശ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു)നേരിട്ട് സൂര്യനെ നോക്കുന്നത് എപ്പോഴും അപകടമാണ്. ഗ്രഹണസമയത്ത് നോക്കുന്നതു കൊണ്ട് അപകടം അല്പം കുറയും എന്നു മാത്രം. (ഗ്രഹണ സമയത്ത് സൂര്യന്‍ മറയ്കപ്പെടുകയാണ്. അതിനാല്‍ ബാക്കി പ്രകാശമേ കണ്ണിലെത്തു). ശരിയായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നതാണ് അഭികാമ്യം. സൂര്യഗ്രഹണം എന്നത് ഒരു അപൂര്‍വ്വകാഴ്ചയാണ്. അത് കാണാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. ടെലിസ്കോപ്പുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് യാതൊരു കാരണവശാലും സൂര്യനെ നോക്കരുത്.
നല്ല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ അതുപയോഗിച്ച് ഗ്രഹണം കാണാവുന്നതാണ്. പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി. ഇനി സൂര്യഗ്രഹണം കണ്ടു കൊള്ളൂ.. ഫ്ലോപ്പി ഫിലിം പോറലുകള്‍ വീണിട്ടുള്ളത് ആയിരിക്കാന്‍ പാടില്ല. അവശ്യമെങ്കില്‍ രണ്ടു ഫിലിം കൂട്ടിച്ചേര്‍ത്ത് കട്ടി കൂട്ടാവുന്നതാണ്. തെളിഞ്ഞു കിടക്കുന്ന നൂറു വാട്ട് ബള്‍ബിന്റെ ഫിലമെന്റ് മാത്രമേ ഇത്തരം ഫില്‍ട്ടറുകളില്‍ കൂടി നോക്കിയാല്‍ കാണുവാന്‍ പാടുള്ളൂ. കടയില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന സില്‍വര്‍ നിറത്തിലുള്ള പേപ്പര്‍ (തോരണങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്) പല മടക്കായി മടക്കിയും ഫില്‍ട്ടര്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു പാളി ഈ പേപ്പര്‍ കണ്ണില്‍ മറച്ച് ഒരു നൂറ് വാട്ട് ബള്‍ബിലേക്ക് നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. കണ്ണടയുടെ ഫില്‍ട്ടര്‍ ആയി ഇത് ഉപയോഗിക്കാം. ഇതിലൂടെ സൂര്യനെ സുരക്ഷിതമായി നോക്കാവുന്നതാണ്. ഇങ്ങിനെയുണ്ടാക്കുന്ന ഫില്‍റ്ററുകള്‍ സൂക്ഷിച്ചു വച്ചേക്കൂ. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുങ്ങുന്നുണ്ട്.

7 comments:

മുക്കുവന്‍ said...

appol chanakam vellathil kanamennu aaro paranju... athu pattilley?

lakshmy said...

ചെറുപ്പത്തിലൊരിക്കൽ ഒരു ഭാഗീക സൂര്യഗ്രഹണം ഒരു എക്സ്‌റേ ഫിലിമിലൂടെ നോക്കി കണ്ടിരുന്നു. ഒരൊറ്റ നോട്ടമേ നോക്കിയുള്ളു. അപ്പോഴേക്കും അച്ഛന്റെ അടി കൊണ്ടു. എക്സ്‌റേ ഫിലിം ഒരു ഫിൽറ്റർ ആയി ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നറിയീല്ല. ഒരു വെളുത്ത കടലാസിൽ വളരേ ചെറിയ ഒരു സുഷിരമിട്ട്, അതിലൂടെ വെളിച്ചം കടന്നു പോകുമ്പോൾ ഗ്രഹണ നില എത്രയെന്ന് ആ വെളിച്ചം വന്ന് വീഴുന്നതു നോക്കി മനസ്സിലാക്കാമെന്ന അന്നത്തെ അറിവു വച്ച് അതും ചെയ്തിരുന്നു.

ശ്രീഹരി::Sreehari said...

ഫ്ലോപ്പി ഡിസ്കൊക്കെ പഴയ വീഡിയോ കാസറ്റ് പോലെ ആയി ടോട്ടോ. അതൊക്കെ കിട്ടണമെങ്കില്‍ ഇനി എവിടെ പോവും? എന്തായാലും മിസ്സ് ആക്കില്ല. എങ്ങിനെയെങ്കിലും ഒരു ഫില്‍‌ട്ടര്‍ സംഘടിപ്പിച്ചു കളയാം.

സൂര്യഗ്രഹണത്തിനൊന്നും ഇപ്പൊ പഴയ പോലെ ഇന്ററസ്റ്റ് ഇല്ല. ഇടക്കിടെ വരുവല്ലേ :)
വല്ല ശുക്രസംതരണം എങ്ങാന്‍ വന്നിരുന്നെങ്കില്‍ ;)

ശ്രീഹരി::Sreehari said...

പ്രിയ ടോട്ടോ,

ഇതൊന്നു നോക്കൂ.

താങ്കള്‍ക്കിഷ്ടപ്പെട്ട വിഷയമാവും :)

ടോട്ടോചാന്‍ (edukeralam) said...

മുക്കുവന്‍, ചാണകവെള്ളത്തില്‍ ഗ്രഹണം കാണുന്നത് അത്ര സുരക്ഷിതം ഒന്നുമല്ല. വെള്ളത്തില്‍ പ്രതിഫലിച്ചുവരുന്ന പ്രകാശത്തിന്റെ തീവ്രത അത്ര കുറവൊന്നുമല്ല. പിന്നെ നന്നായി കാണാനും കഴിയില്ല. നല്ലത് ഫില്‍റ്ററുകളോ, പിന്‍ഹോള്‍ ക്യാമറകളോ ആണ്.
ലക്ഷി, എക്സ്റേ ഫിലിമിലൂടെ സൂര്യനെ കാണുന്നതും അഭികാമ്യമല്ല. പലയിടത്തും പല തോതിലായിരിക്കും പ്രകാശം കടന്നുവരുന്നത്. അച്ഛനും അബദ്ധം പറ്റി എന്നും പറയാം.. ഗ്രഹണ സമയത്ത് മാത്രം സൂര്യനെ നോക്കൂന്നതിനേ അടി കൊള്ളൂ അല്ലാത്ത സമയത്ത് സൂര്യനെ നോക്കിയാല്‍ ആരും ഒന്നും പറയാറില്ല. എന്താ ശരിയല്ലേ... സത്യത്തില്‍ ഗ്രഹണ സമയത്ത് പ്രകാശം കുറവു തന്നെയാണ്... എന്തായാലും പിന്‍ഹോള്‍ ഉപയോഗിച്ച് കാണുന്നത് ഏറ്റവും സുരക്ഷിതം ആണ്.
നല്ല ഒരു കണ്ണട ഉണ്ടാക്കി കാണാന്‍ മറക്കണ്ട.. കുട്ടികളേയും കാണിച്ചു കൊടുക്കുക.

ശ്രീഹരി ഫ്ലോപ്പി കിട്ടാന്‍ ബുദ്ധിമുട്ടുണ്ട് പക്ഷേ സില്‍വര്‍ പേപ്പര്‍ കിട്ടാന്‍ വളരെ എളുപ്പമാണ്.... രണ്ടുരൂപക്ക് ലഭിക്കും ഒരു പത്ത് കണ്ണടയുണ്ടാക്കാന്‍ ഇത് ധാരാളം മതി...

N.J ജോജൂ said...

"നേരിട്ട് സൂര്യനെ നോക്കുന്നത് എപ്പോഴും അപകടമാണ്. ഗ്രഹണസമയത്ത് നോക്കുന്നതു കൊണ്ട് അപകടം അല്പം കുറയും എന്നു മാത്രം."

വളരെ തെറ്റായ ഒരു വാച്ചകമായാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ തെറ്റിദ്ധരിക്കാവുന്ന വാചകം.

നേരിട്ട് സൂര്യനെ നോക്കുന്നത് എപ്പോഴും അപകടമാണ്. പക്ഷെ സൂര്യന്റെ തീവ്രത കാരണം നോക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് അപകടം വിരളം. പക്ഷെ ഗ്രഹണ സമയത്ത് സൂര്യന്‍ മറവില്‍ ആയിരിക്കുന്നതുകൊണ്ട്‌ തീവ്രത കുറയുകയും നേരിട്ട് സൂര്യ ഗ്രഹണം കാണാന്‍ കഴിയുകയും ചെയ്യും. പക്ഷെ ഗ്രഹണം കഴിഞ്ഞു സൂര്യന്‍ പുറത്തിറങ്ങുന്ന സമയം സൂര്യന്റെ തീവ്ര രശ്മികള്‍ കണ്ണ് ചിമ്മാന്‍ കഴിയുന്നതിനു മുന്‍പേ കന്നിലെതുകയും അപകടമുണ്ടാവുകയും ചെയ്യും.

ടോട്ടോചാന്‍ (edukeralam) said...

നന്ദി ജോജു,
തെറ്റായ ഒരു വാചകമാണോ ഇത്?
തെറ്റിദ്ധരിക്കപ്പെടാം എന്നു തോന്നുന്നു.
പൂര്‍ണ്ണസൂര്യന്റെ പ്രകാശ തീവ്രതയേക്കാളും കുറവാണ് ഏതു തരത്തിലുള്ള സൂര്യഗ്രഹണ സമയത്തും ഉള്ള പ്രകാശം. അത് ഭാഗികമായാലും പൂര്‍ണ്ണമായാലും. പക്ഷേ ഏതു സമയത്തും സൂര്യനെ നേരിട്ട് നോക്കുന്നത് അപകടം തന്നെയാണ്. ഈ പോസ്റ്റ് എഴുതിയത് കേരളത്തില്‍ ഭാഗികസൂര്യഗ്രഹണം വന്ന സമയത്തായിരുന്നു. സൂര്യഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത് അത്യന്തം അപകടകരമാണ് എന്ന തരത്തിലുള്ള ചിന്തകളും മറ്റും ഉയര്‍ന്നുവരുന്ന സമയമാണത്. പൂര്‍ണ്ണസൂര്യഗ്രഹണ സമയത്ത് സംഭവിക്കാവുന്ന അപകടം ജോജു പറഞ്ഞത് തന്നെയാണ്.