ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Wednesday, December 31, 2008

ശുക്രന്‍ , ബുധന്‍ എന്നിവ ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങള്‍ കാണിക്കുന്നു

ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ വൃദ്ധിക്ഷയങ്ങള്‍ അനുഭവപ്പെടുന്ന ആകാശഗോളം ചന്ദ്രന്‍ മാത്രമല്ല. ബുധനും ശുക്രനും ഇങ്ങിനെ വൃദ്ധിക്ഷയങ്ങള്‍ കാണിക്കാറുണ്ട്.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

ശുക്രനേയു ബുധനേയും നമുക്ക് ഇപ്പോള്‍ കാണാവുന്നതാണ്. ബുധനെ കാണാന്‍ അല്പം ബുദ്ധിമുട്ടാണ് എങ്കിലും സൂര്യനസ്തമിക്കുന്നതിനു പുറകേ ചക്രവാളത്തില്‍ തടസ്സങ്ങളില്ലാത്ത ഇടത്ത് ചെന്ന് നോക്കുക. സൂര്യന്‍ അസ്തമിച്ചതിനു പുറകേ വ്യാഴവും ബുധനും കൂടി അസ്തമിക്കാന്‍ പോകുന്നത് കാണാനാകും. വ്യാഴത്തെ നല്ല വ്യക്തമായി തന്നെ കാണാന്‍ കഴിയും. അതിനടുത്ത് ബുധനും ഉണ്ടാകും. ശുക്രന്‍ കുറേക്കൂടി ഉയരത്തിലാണ് (തൊട്ടടുത്ത് ചന്ദ്രന്‍ ഉണ്ടാകും). അതിനാല്‍ കുറേ സമയം കൂടിക്കഴിഞ്ഞ ശേഷമേ അസ്തമിക്കൂ.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

ഒരു നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ശുക്രനേയും ബുധനേയും നോക്കുക. ശുക്രന്റേയും ബുധന്റേയും വൃദ്ധിക്ഷയം നിരീക്ഷിക്കാവുന്നതാണ്.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

നഗ്നനേത്രങ്ങള്‍ കൊണ്ട് വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്തായാലും സൂര്യന്‍ അസ്തമിക്കുകയാണ്... കൂടാതെ രണ്ടായിരത്തി എട്ടും വിസ്മൃതിയിലാവുന്നു... ഒരു ആകാശക്കാഴ്ച കൂടി....


2009 ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വരുന്നവര്‍ക്ക് ടെലിസ്കോപ്പിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ അവസരമുണ്ടാകുന്നതായിരിക്കും. ബുധനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശുക്രനെ നിരീക്ഷിക്കാം.

എല്ലാ വായനക്കാര്‍ക്കും ആകാശക്കാഴ്ചകളുടെ പുതുവത്സരാശംസകള്‍Thursday, December 18, 2008

നേര്‍ മുകളില്‍ ഭാദ്രപഥ ചതുരം ഉത്രട്ടാതിയും പുരോരുട്ടാതിയും


ഇപ്പോള്‍ രാത്രി ഏതാണ്ട് എട്ടു മണിക്ക് നേരെ മുകളില്‍ കാണാവുന്നതും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമായ നക്ഷത്രഗണമാണ് ഭാദ്രപഥ ചതുരം. ഉത്രട്ടാതി, പുരോരുട്ടാതി എന്നീ നക്ഷത്രങ്ങളും ഇതിന്റെ ഭാഗമാണ്. കിഴക്കു ഭാഗത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങള്‍ ഉത്രട്ടാതിയും പടിഞ്ഞാറ് നില്‍ക്കുന്ന രണ്ട് എണ്ണം പുരോരുട്ടാതിയും ആണ്. ഇതില്‍ ഉത്രട്ടാതിയിലെ വടക്കേ നക്ഷത്രത്തെ ഇപ്പോള്‍ ആന്‍ഡ്രോമീഡ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം)
തൊട്ടടുത്തായി പടിഞ്ഞാറു വശത്ത് മീനം രാശി കാണാം. എരഞ്ഞിമാല എന്നും ഈ ഗണത്തെ വിളിക്കാറുണ്ട്. ശ്രദ്ധിച്ചു നോക്കിയാല്‍ മാത്രമേ മീനം ഗണത്തെ കാണാനാവൂ. കാരണം മങ്ങിയ നക്ഷത്രങ്ങളാണ് എല്ലാം. രേവതി മീനത്തിലാണ്.

Friday, August 22, 2008

വൃശ്ചികം നക്ഷത്രഗണത്തെ പരിചയപ്പെടാം

വൃശ്ചികം നക്ഷത്രഗണത്തെ പരിചയപ്പെടാം

(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായിക്കാണാം)

തേളിന്‍റെ ആകൃതിയിലുള്ള നക്ഷത്രഗണമാണിത്. നക്ഷത്ര നിരീക്ഷകര്‍ക്ക് കണ്ടെത്താന്‍ ഏറ്റവും എളുപ്പമുള്ള നക്ഷത്രഗണമാണിത്. ഇതിലെ ഏറ്റവുംപ്രകാശമേറിയ നക്ഷത്രം അന്‍റാറിസ് ആണ്. ചുവന്ന ഭീമനായ ഈ നക്ഷത്രം തൃക്കേട്ട എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെടുന്നത്. ഇതിന്‍റെ ചുവന്ന നിറം കാരണം "തൃക്കേട്ട തീക്കട്ട പോലെ" എന്നൊരു ചൊല്ലു പോലും ഉണ്ട്. വാലറ്റത്തുള്ള നക്ഷത്രങ്ങളെയെല്ലാം ചേര്‍ത്ത് മൂലം എന്ന പേരില്‍ അറിയപ്പെടുന്നു. ഈ തേളിന്‍റെ തലയില്‍ കാണുന്ന നക്ഷത്രങ്ങള്‍ അനിഴം എന്ന് അറിയപ്പെടുന്നു. ചെറിയ രണ്ട് നക്ഷത്രക്കുലകളേയും ചിത്രത്തില്‍ കാണാം. M6, M7 എന്നിവയാണിവ. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രക്കുലകളാണിവ. ഇതില്‍ ടോളമി ക്ളസ്റ്റര്‍ എന്നറിയപ്പെടുന്ന M7 നക്ഷത്രക്കുലയില്‍ ഏതാണ്ട് 80 നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 800 മുതല്‍ 1000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ നക്ഷത്രക്കൂട്ടം. 25 പ്രകാശവര്‍ഷം വ്യാസത്തിനുള്ളിലാണ് ഈ നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നത്. വാല്‍ ഭാഗത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങളെ പൂച്ചക്കണ്ണുകള്‍ എന്ന് പാശ്ചാത്യര്‍ വിളിക്കാറുണ്ട്. ഭാരതത്തില്‍ ഈ നക്ഷത്രങ്ങളെ കാലന്‍റെ കാവല്‍ നായ്കളായാണ് പരിഗണിച്ചിരിക്കുന്നത്. (മൂലം എന്ന നാളില്‍ പെട്ട നക്ഷത്രങ്ങളില്‍ രണ്ടെണ്ണം). വൃശ്ചികം എവിടെയാണ് എന്നറിയുവാന്‍ കഴിഞ്ഞ പോസ്റ്റുകള്‍ കാണുക. നക്ഷത്രമാപ്പില്‍ വ്യക്തമായി അവ അടയാളപ്പെടുത്തിയിട്ടുണ്ട്.

Wednesday, August 20, 2008

ഈ ആഴ്ചയിലെ ആകാശം ( ആഗസ്റ്റ് 21 രാത്രി )


ഈ ആഴ്ചയിലെ ആകാശം ഇവിടെ കാണാം. ചൊവ്വ സൂര്യനൊപ്പം അസ്തമിച്ചു പോയി. വ്യാഴത്തെ നല്ല ശോഭയോടെ കാണാം.
വ്യാഴത്തിനടുത്ത് വൃശ്ചികം നക്ഷത്രഗണവും ദൃശ്യമാണ്. വളരെ എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന ഒരു നക്ഷത്രഗണമാണിത്. ഇതിലെ ചുവന്ന നക്ഷത്രം തൃക്കേട്ടയാണ്. വ്യാഴം കഴിഞ്ഞാല്‍ അതിന്‍റെ സമീപത്ത് ഏറ്റവും ശോഭയോടെ കാണാവുന്ന നക്ഷത്രമാണിത്.
നക്ഷത്രത്തിന്‍റെ അവസാന ദശകളിലൊന്നായ ചുവന്ന ഭീമന്‍ എന്ന അവസ്ഥയിലാണ് ഈ നക്ഷത്രം. ഏതാണ്ട് അഞ്ഞൂറു കോടി വര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ സൂര്യനും ഈ അവസ്ഥയില്‍ എത്തിച്ചേരും.

ഇത്തവണ മറ്റൊരു നക്ഷത്രഗണത്തെക്കൂടി ചെറുതായി പരിചയപ്പെടാം. കിഴക്കേ ആകാശത്ത് അല്പം മാത്രം വടക്കു മാറി കാണപ്പെടുന്ന ഭാദ്രപഥചതുരം എന്ന ഗണമാണിത്.


(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായിക്കാണാം)


കൂടുതല്‍ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍. രാത്രി 8.30 ന് ഉള്ള ആകാശമാണ് നല്‍കിയിരിക്കുന്നത്.

Tuesday, August 12, 2008

ഈ ആഴ്ചയിലെ ആകാശം.

ഈ ആഴ്ചയിലെ ആകാശം.

(വലുതായിക്കാണാന്‍ ചിത്രത്തില്‍ അമര്‍ത്തുക)

വ്യാഴം, വൃശ്ചികം നക്ഷത്രഗണം എന്നിവ വ്യക്തമായിക്കാണാം. വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റുകള്‍ നോക്കുക. സംശയങ്ങള്‍ കമന്‍റിടുക.

Tuesday, August 5, 2008

വ്യാഴത്തെ കാണാം...

നമുക്കിപ്പോള്‍ വ്യാഴത്തെ കാണാം.

ആകാശത്ത് മനോഹരമായ കാഴ്ച കാണാന്‍ചിലപ്പോള്‍ മഴമേഘങ്ങള്‍ കനിഞ്ഞാല്‍(!) സാധിച്ചേക്കാം. ആഴ്ചയിലെ ആകാശം താഴെ. ചിത്രത്തില്‍ ഞെക്കി വലുതാക്കി കാണാം. വൃശ്ചികം നക്ഷത്രഗണവും വ്യാഴവും വളരെവ്യക്തമായിക്കാണാവുന്നതാണ്. ധനു ഗണത്തിലാണ് വ്യാഴം ഇപ്പോള്‍.വ്യാഴത്തെ കണ്ടാല്‍ അറിയിക്കുമല്ലോ...


Friday, August 1, 2008

ഈ ആഴ്ചയിലെ ആകാശം...

ഈ ആഴ്ചയിലെ ആകാശമാണ് താഴെ.
ദിക്കുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

വ്യാഴത്തെ കാണാവുന്നതാണ്

(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം)
കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ ഇടുന്നതാണ്.

നക്ഷത്രനിരീക്ഷണം

.....ആകാശക്കാഴ്ചകള്‍.....
ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല...
ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി


എല്ലാ ആഴ്ചയിലും ആ ആഴ്ചയിലെ ആകാശവും അതിലെ കാഴ്ചകളും കാണാം. കൂടാതെ ആകാശനിരീക്ഷണത്തിനു വേണ്ട നിര്‍ദ്ദേശങ്ങളും ആ ആഴ്ചയിലെ പ്രധാന ആകാശസംഭവങ്ങളും നക്ഷത്രമാപ്പുകള്‍ പ്രിന്‍റ് എടുത്താല്‍ നിരീക്ഷണം എളുപ്പമായിരിക്കും.
തുറസ്സായ, ആകാശം വ്യക്തമായിക്കാണാവുന്ന സ്ഥലത്ത് മലര്‍ന്നു കിടന്നാണ് നോക്കേണ്ടത്.
വടക്കോട്ട് തല വച്ച് കിടക്കുന്നതാണ് അഭികാമ്യം. മാപ്പിലെ വടക്ക് വടക്കോട്ടായിത്തന്നെ പിടിക്കുക. മാപ്പും ആകാശവും തമ്മില്‍ താരതമ്യം ചെയ്യുക.