വൃശ്ചികം നക്ഷത്രഗണത്തെ പരിചയപ്പെടാം
(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായിക്കാണാം)
തേളിന്‍റെ ആകൃതിയിലുള്ള നക്ഷത്രഗണമാണിത്. നക്ഷത്ര നിരീക്ഷകര്‍ക്ക് കണ്ടെത്താന്‍ ഏറ്റവും എളുപ്പമുള്ള നക്ഷത്രഗണമാണിത്. ഇതിലെ ഏറ്റവുംപ്രകാശമേറിയ നക്ഷത്രം അന്‍റാറിസ് ആണ്. ചുവന്ന ഭീമനായ ഈ നക്ഷത്രം തൃക്കേട്ട എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെടുന്നത്. ഇതിന്‍റെ ചുവന്ന നിറം കാരണം "തൃക്കേട്ട തീക്കട്ട പോലെ" എന്നൊരു ചൊല്ലു പോലും ഉണ്ട്. വാലറ്റത്തുള്ള നക്ഷത്രങ്ങളെയെല്ലാം ചേര്‍ത്ത് മൂലം എന്ന പേരില്‍ അറിയപ്പെടുന്നു. ഈ തേളിന്‍റെ തലയില്‍ കാണുന്ന നക്ഷത്രങ്ങള്‍ അനിഴം എന്ന് അറിയപ്പെടുന്നു. ചെറിയ രണ്ട് നക്ഷത്രക്കുലകളേയും ചിത്രത്തില്‍ കാണാം. M6, M7 എന്നിവയാണിവ. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രക്കുലകളാണിവ. ഇതില്‍ ടോളമി ക്ളസ്റ്റര്‍ എന്നറിയപ്പെടുന്ന M7 നക്ഷത്രക്കുലയില്‍ ഏതാണ്ട് 80 നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 800 മുതല്‍ 1000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ നക്ഷത്രക്കൂട്ടം. 25 പ്രകാശവര്‍ഷം വ്യാസത്തിനുള്ളിലാണ് ഈ നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നത്. വാല്‍ ഭാഗത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങളെ പൂച്ചക്കണ്ണുകള്‍ എന്ന് പാശ്ചാത്യര്‍ വിളിക്കാറുണ്ട്. ഭാരതത്തില്‍ ഈ നക്ഷത്രങ്ങളെ കാലന്‍റെ കാവല്‍ നായ്കളായാണ് പരിഗണിച്ചിരിക്കുന്നത്. (മൂലം എന്ന നാളില്‍ പെട്ട നക്ഷത്രങ്ങളില്‍ രണ്ടെണ്ണം). വൃശ്ചികം എവിടെയാണ് എന്നറിയുവാന്‍ കഴിഞ്ഞ പോസ്റ്റുകള്‍ കാണുക. നക്ഷത്രമാപ്പില്‍ വ്യക്തമായി അവ അടയാളപ്പെടുത്തിയിട്ടുണ്ട്.